ആലുവ: ചൂർണിക്കര പഞ്ചായത്തിലെ 10,11 വാർഡുകൾ ഉൾപ്പെടുന്ന കട്ടേപ്പാടത്തുള്ള തോടുകൾ മഴക്കാലം തുടങ്ങിയിട്ടും മുഴുവനായും ശുചീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികളുടെ പരാതി. തോട്ടിലൂടെ ഒഴുകിപ്പോകാതെ മാലിന്യങ്ങളും മറ്റും മഴവെള്ളത്തോടൊപ്പം സമീപത്തെ വീടുകളിൽ കയറുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
മഴക്കാല ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി കട്ടേപ്പാടത്തുള്ള ചെറിയ തോട് വൃത്തിയാക്കിയെങ്കിലും ഇത് പൂർണമായിട്ടില്ല . വലിയ തോട്ടിൽ കുളവാഴകളും മാലിന്യവും മൂലം ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. മഴ ശക്തി പ്രാപിച്ചു കഴിഞ്ഞാൽ രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാകുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
സമീപത്തെ ചെറിയ കാനകളും മറ്റും വൃത്തിയാക്കിയിട്ടും പ്രധാനപ്പെട്ട ഭാഗം ശുചീകരിക്കാത്തത് പഞ്ചായത്തിന്റെ അനാസ്ഥയാണെന്നും വീടുകളിൽ വെള്ളം കയറാതിരിക്കാൻ തോടുകൾ വൃത്തിയാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി